Universalis
Sunday 19 November 2017    (other days)
33rd Sunday in Ordinary Time 

Mass Today

Liturgical Colour: Green.
പ്രാരംഭ കര്‍മ്മം
ജനങ്ങള്‍ സമ്മേളിച്ചശേഷം പ്രവേശകഗാനം ആലപിക്കുമ്പോള്‍ പുരോഹിതന്‍ ശുശ്രൂഷകരോടുകൂടെ അള്‍ത്താരയെ സമീപിക്കുന്നു:
പ്രവേശകപ്രഭണിതം
ജെറ 29:11,12,14
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്‍റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്‍റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

കുരിശടയാളം
പ്രവേശകഗാനം അവസാനിക്കുമ്പോള്‍ പുരോഹിതനും വിശ്വാസികളും നിന്നുകൊണ്ട് കുരിശടയാളം വരയ്ക്കുന്നു. പുരോഹിതന്‍ ജനങ്ങള്‍ക്കുനേരേ തിരിഞ്ഞ് ഇപ്രകാരം പറയുന്നു:
പിതാവിന്‍റെയും പുത്രന്‍റെയും
പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
ജനം പ്രത്യുത്തരിക്കുന്നു:
ആമേന്‍.

അഭിവാദനം

1: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും
പിതാവായ ദൈവത്തിന്‍റെ സ്‌നേഹവും
പരിശുദ്ധാത്മാവിന്‍റെ സംസര്‍ഗ്ഗവും
നിങ്ങളോടു കൂടെ.
2: നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും
കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും
കൃപയും സമാധാനവും നിങ്ങളോടുകൂടെ.
3: കര്‍ത്താവ് നിങ്ങളോടു കൂടെ.
ജനം പ്രത്യുത്തരിക്കുന്നു:
അങ്ങയുടെ ആത്മാവോടുംകൂടെ.

അനുതാപ ശുശ്രൂഷ

സഹോദരരേ, ദിവ്യരഹസ്യങ്ങള്‍ കൊണ്ടാടുന്നതിനു
നാം യോഗ്യരാകേണ്ടതിന്
നമ്മുടെ പാപങ്ങള്‍ ഏറ്റുപറയാം.
അല്പനിമിഷം മൗനംപാലിക്കുന്നു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് പൊതുവായ അനുതാപപ്രകരണം ചൊല്ലുന്നു:
സര്‍വ്വശക്തനായ ദൈവത്തോടും
സഹോദരരേ, നിങ്ങളോടും ഞാന്‍ ഏറ്റുപറയുന്നു.
എന്തെന്നാല്‍, വിചാരത്താലും വാക്കാലും
പ്രവൃത്തിയാലും ഉപേക്ഷയാലും
ഞാന്‍ വളരെയേറെ പാപം ചെയ്തു പോയി.
നെഞ്ചിലടിച്ചുകൊണ്ടു പറയുന്നു
എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ
ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും
എല്ലാ മാലാഖമാരോടും വിശുദ്ധരോടും
സഹോദരരേ നിങ്ങളോടും ഞാന്‍ അപേക്ഷിക്കുന്നു
എനിക്കുവേണ്ടി നമ്മുടെ കര്‍ത്താവായ ദൈവത്തോട്
പ്രാര്‍ത്ഥിക്കണമേ.
പുരോഹിതന്‍ പാപമോചന പ്രാര്‍ത്ഥന തുടരുന്നു:
സര്‍വ്വശക്തനായ ദൈവം കനിഞ്ഞ്,
നമ്മുടെ പാപങ്ങള്‍ പൊറുത്ത്
നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുമാറാകട്ടെ.
ആമേന്‍.
V. കര്‍ത്താവേ കനിയണമേ.
R. കര്‍ത്താവേ കനിയണമേ.
V. ക്രിസ്തുവേ കനിയണമേ.
R. ക്രിസ്തുവേ കനിയണമേ.
V. കര്‍ത്താവേ കനിയണമേ.
R. കര്‍ത്താവേ കനിയണമേ.

അത്യുന്നതങ്ങളില്‍

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ള മനുഷ്യര്‍ക്ക് സമാധാനവും.
കര്‍ത്താവായ ദൈവമേ, സ്വര്‍ഗീയരാജാവേ,
സര്‍വശക്തനായ ദൈവപിതാവേ,
അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു
അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു
അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു
അങ്ങയെ ഞങ്ങള്‍ മഹത്ത്വപ്പെടുത്തുന്നു
അങ്ങയുടെ മഹാമഹിമയ്ക്കായി ഞങ്ങള്‍ നന്ദിപറയുന്നു.
യേശുക്രിസ്തുവേ, ജാതനായ ഏകപുത്രനായ കര്‍ത്താവേ,
കര്‍ത്താവായ ദൈവമേ, ദൈവത്തിന്‍റെ കുഞ്ഞാടേ,
പിതാവിന്‍റെ പുത്രാ,
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന അങ്ങ്
ഞങ്ങളില്‍ കനിയണമേ;
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന അങ്ങ്
ഞങ്ങളുടെ പ്രാര്‍ഥന കൈക്കൊള്ളണമേ.
പിതാവിന്‍റെ വലത്തുഭാഗത്തിരിക്കുന്ന അങ്ങ്
ഞങ്ങളില്‍ കനിയണമേ.
എന്തെന്നാല്‍, അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം കര്‍ത്താവ്
അങ്ങുമാത്രം അത്യുന്നതന്‍,
യേശുക്രിസ്തുവേ, പരിശുദ്ധാത്മാവോടുകൂടെ
പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തില്‍.
ആമേന്‍.
പദ്യരൂപം
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം
ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തിയുമേ
അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു
അങ്ങയെ ഞങ്ങള്‍ പുകഴ്ത്തുന്നു
ആരാധിച്ചങ്ങയെ വാഴ്ത്തുന്നു
ദിവ്യമഹിമകള്‍ പാടുന്നു.
അങ്ങയുടെ മഹാമഹിമയ്ക്കിതാ
നന്ദി ചൊല്ലുന്നിവര്‍ താഴ്മയായ്
ദൈവമേ, കര്‍ത്താവാം അങ്ങയെ,
വാഴ്ത്തുന്നു സ്വര്‍ലോകരാജനെ.
സര്‍വൈകശക്തനാം ദൈവമേ,
താതനാമങ്ങയെ വാഴ്ത്തുന്നു
ഏകാത്മജാ, ദേവസൂനുവേ,
കര്‍ത്താവാം ശ്രീയേശുക്രിസ്തുവേ.
ദൈവമേ, കര്‍ത്താവാം അങ്ങയെ
വാഴ്ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ,
താതനാം ദൈവത്തിന്‍ സൂനുവേ,
അങ്ങയെ വാഴ്ത്തിസ്തുതിക്കുന്നു.
ലോകത്തിന്‍ പാപനിഹന്താവേ,
കാരുണ്യം തൂകണേ ഞങ്ങളില്‍
ലോകത്തിന്‍ പാപനിഹന്താവേ,
ഞങ്ങള്‍തന്‍ പ്രാര്‍ഥന കേള്‍ക്കണേ.
നിത്യപിതാവിന്‍റെ പാര്‍ശ്വത്തില്‍
നേര്‍വലംഭാഗത്തിരുന്നിടും
ഞങ്ങള്‍തന്‍ രക്ഷകനേശുവേ,
കാരുണ്യം തൂകണേ ഞങ്ങളില്‍.
സത്യസ്വരൂപന്‍ പിതാവുതന്‍
നിത്യമഹിമാവിന്‍ തേജസ്സില്‍
പാവനാത്മാവുതന്‍ ഐക്യത്തില്‍
വാഴുന്ന ക്രിസ്തുവാം യേശുവേ
അങ്ങുമാത്രം പരിപാവനന്‍
അങ്ങുതാന്‍ ഏകനാം നാഥനും
അങ്ങുമാത്രം പരമോന്നതന്‍
ത്രിത്വൈകദൈവമഹത്ത്വത്തില്‍,
ആമേന്‍.
നമുക്ക് പ്രാര്‍ത്ഥിക്കാം.
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
വചനപ്രഘോഷണകര്‍മ്മം
എല്ലാവരും ഇരിക്കുന്നു.

ഒന്നാം വായന
സുഭാ 31:10-13,19-20,30-31
ഉത്തമയായ ഭാര്യ സ്നേഹമുള്ള കരങ്ങള്‍ കൊണ്ട് അദ്ധ്വാനിക്കുന്നു.
ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും?
അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ.
ഭര്‍ത്താവിന്‍റെ ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു;
അവന്‍റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്‍മയല്ലാതെ
ഉപദ്രവം ചെയ്യുന്നില്ല.
അവള്‍ രോമവും ചണവും ശേഖരിച്ച്
ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
അവള്‍ ദണ്ഡും തക്ലിയുമുപയോഗിച്ച്‌
നൂല്‍ നൂല്‍ക്കുന്നു.
അവള്‍ ദരിദ്രര്‍ക്കു ദാനം ചെയ്യുകയും
പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
സൗകുമാര്യം വഞ്ചന നിറഞ്ഞതും സൗന്ദര്യം വ്യര്‍ഥവുമാണ്;
എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു.
അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍;
അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍
അവള്‍ക്കു പ്രശംസയായിരിക്കട്ടെ!
കര്‍ത്താവിന്‍റെ വചനം.
എല്ലാവരും പ്രത്യുത്തരിക്കുന്നു:
ദൈവത്തിനു നന്ദി.

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 128:1-2,3,4-5
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്‍റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും;
നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിന്‍റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്‍റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്‍റെ ഐശ്വര്യം കാണും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.

രണ്ടാം വായന
1 തെസ 5:1-6
ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകാത്തിരിക്കട്ടെ.
സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍ നിന്ന് അവര്‍ രക്ഷപെടുകയില്ല. എന്നാല്‍, സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്‍റെയോ മക്കളല്ല. അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.
കര്‍ത്താവിന്‍റെ വചനം.
ദൈവത്തിനു നന്ദി.

സമൂഹം എഴുന്നേറ്റുനിന്നുകൊണ്ട് സുവിശേഷപ്രഘോഷണവാക്യം ആലപിച്ച് സുവിശേഷത്തെ സ്വാഗതം ചെയ്യുന്നു. വചനപ്രഘോഷണ കര്‍മ്മത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനമുള്ള സുവിശേഷവായന സമയത്ത് എല്ലാവരും നില്‍ക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
വെളി 2:10
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മരണംവരെ വിശ്വസ്തനായിരിക്കുക;
ജീവന്‍റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
അല്ലേലൂയാ!
Or
യോഹ 15:4,5
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.
അല്ലേലൂയാ!

വചനപീഠത്തില്‍, പുരോഹിതന്‍ അല്ലെങ്കില്‍ ഡീക്കന്‍ പറയുന്നു:
കര്‍ത്താവ് നിങ്ങളോടു കൂടെ.
ജനം പ്രത്യുത്തരിക്കുന്നു:
അങ്ങയുടെ ആത്മാവോടുംകൂടെ.
പുരോഹിതന്‍ അല്ലെങ്കില്‍ ഡീക്കന്‍:
വിശുദ്ധ N എഴുതിയ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന
കര്‍ത്താവേ അങ്ങേയ്ക്ക് മഹത്വം.
EITHER:
സുവിശേഷം
മത്താ 25:14-30
അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്‍റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു.
  ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
  രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
  ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്‍റെത് എടുത്തുകൊളളുക. യജമാനന്‍ പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ. എന്‍റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹി തം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
OR:
പകരം ഉപയോഗിക്കാവുന്നത് സുവിശേഷം
മത്താ 25:14-15,19-21
അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതു പോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്‍റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു.
  ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു.അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
കര്‍ത്താവിന്‍റെ സുവിശേഷം
All reply:
ക്രിസ്തുവേ അങ്ങേയ്ക്ക് സ്തുതി.
സുവിശേഷ വായനയ്ക്കുശേഷം എല്ലാവരും ഇരിക്കുന്നു.
വചനവ്യാഖാനം
വചനവ്യാഖാനം കഴിഞ്ഞ് അല്‍പ്പനേരം നിശ്ശബ്ദമായി ധ്യാനിക്കുന്നത് ഉചിതമാണ്.
തുടര്‍ന്ന് സമൂഹം എഴുന്നേറ്റു നില്‍ക്കുന്നു.

വിശ്വാസപ്രമാണം

നിഖ്യാ വിശ്വാസപ്രമാണം
ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു;
സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും
ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്‍റെയും
സ്രഷ്ടാവും സര്‍വശക്തനുമായ പിതാവിലും
ഞാന്‍ വിശ്വസിക്കുന്നു.
ഏകകര്‍ത്താവും ജാതനായ ഏകദൈവപുത്രനും
എല്ലാ യുഗങ്ങള്‍ക്കുംമുമ്പ്
പിതാവില്‍നിന്നു ജനിച്ചവനുമായ
യേശുക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു.
ദൈവത്തില്‍നിന്നുള്ള ദൈവവും
പ്രകാശത്തില്‍നിന്നുള്ള പ്രകാശവും
സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും
ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും
പിതാവുമായി സത്തയില്‍ ഏകനുമായ
അവിടുന്നുവഴി സകലവും സൃഷ്ടിക്കപ്പെട്ടു.
മനുഷ്യരായ നമുക്കുവേണ്ടിയും
നമ്മുടെ രക്ഷയ്ക്കുവേണ്ടിയും
അവിടന്ന് സ്വര്‍ഗത്തില്‍നിന്നിറങ്ങി;
തുടര്‍ന്നുവരുന്ന വാക്കുകള്‍ മുതല്‍, മനുഷ്യനായിത്തീര്‍ന്നു എന്നതുവരെ എല്ലാവരും ശിരസ്സു നമിക്കുന്നു.
പരിശുദ്ധാത്മാവാല്‍
കന്യകമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ച്
മനുഷ്യനായിത്തീര്‍ന്നു
പോന്തിയൂസ് പീലാത്തോസിന്‍റെ കാലത്ത്
നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട്
പീഡകള്‍ സഹിച്ചു മരിച്ച് അടക്കപ്പെട്ടു;
വിശുദ്ധ ലിഖിതങ്ങളനുസരിച്ച്
മൂന്നാംദിവസം ഉയിര്‍ക്കുകയും
സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുകയും
പിതാവിന്‍റെ വലത്തുഭാഗത്തിരിക്കുകയും ചെയ്യുന്നു;
ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍
അവിടുന്നു മഹത്ത്വത്തോടെ വീണ്ടും വരും;
അവിടത്തെ രാജ്യത്തിന് അവസാനം ഉണ്ടാവുകയുമില്ല.
കര്‍ത്താവും ജീവദാതാവും
പിതാവില്‍നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും
പിതാവിനോടും പുത്രനോടുമൊപ്പം
ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും
പ്രവാചകന്മാര്‍വഴി സംസാരിച്ചവനുമായ
പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.
ഏകവും വിശുദ്ധവും സാര്‍വത്രികവും
അപ്പസ്‌തോലികവുമായ സഭയിലും
ഞാന്‍ വിശ്വസിക്കുന്നു.
പാപങ്ങളുടെ മോചനത്തിനായുള്ള
ഏകജ്ഞാനസ്‌നാനം ഞാന്‍ ഏറ്റുപറയുകയും
മരിച്ചവരുടെ ഉയിര്‍പ്പും
വരാനിരിക്കുന്ന യുഗത്തിലെ ജീവിതവും
ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ആമേന്‍.
പദ്യരൂപം
ഏകനാം ദൈവത്തില്‍ വിശ്വസിക്കുന്നേന്‍
ആകാശത്തിന്‍റെയും ഭൂമിയുടെയും
ദൃശ്യാദൃശ്യങ്ങളാമെല്ലാറ്റിന്‍റെയും
സ്രഷ്ടാവും സര്‍വൈകശക്തനുമായ
ദൈവപിതാവില്‍ ഞാന്‍ വിശ്വസിക്കുന്നേന്‍.
എല്ലാ യുഗങ്ങള്‍ക്കുംമുമ്പു പിതാവില്‍
നിന്നു ജനിച്ചൊരു ദൈവസുതനും
ഏകനാം ജാതനും നാഥനുമായ
ക്രിസ്തുവാം ഈശോയില്‍ വിശ്വസിക്കുന്നേന്‍.
ദൈവത്തില്‍നിന്നുള്ള ദൈവമാണെന്നും
ദീപ്തിയില്‍നിന്നുള്ള ദീപ്തിയാണെന്നും
സത്യദൈവം തന്നില്‍നിന്നുള്ള സാക്ഷാല്‍
ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നേന്‍.
ജാതനാണെങ്കിലും സൃഷ്ടനല്ലെന്നും
സത്തയില്‍ താതനോടേകനാണെന്നും
സര്‍വവും താന്‍വഴി സൃഷ്ടമായെന്നും
സന്തതം ഞാനേവം വിശ്വസിക്കുന്നേന്‍.
നമ്മള്‍ക്കും നമ്മള്‍തന്‍ രക്ഷയ്ക്കുംവേണ്ടി
സ്വര്‍ഗത്തില്‍നിന്നുമിറങ്ങിയിപ്പാരില്‍,
കന്യാമറിയത്തില്‍നിന്നു റൂഹായാല്‍
ധന്യശരീരമെടുത്തു നരനായ്.
പോന്തിയോസ് പീലാത്തോസ് വാണിടുംനാളില്‍
നമ്മള്‍ക്കായ് ഘോരമാം പീഡകളേറ്റു
ക്രൂശില്‍ മരിച്ചു സംസ്‌കാരവുമാര്‍ന്നു:
വിശ്വസിക്കുന്നേനീ സത്യങ്ങളെല്ലാം.
മുന്നം ലിഖിതങ്ങള്‍ ചൊന്നതുപോലെ
മൂന്നാം ദിവസമുയിര്‍ത്തെഴുന്നേറ്റു.
സ്വര്‍ഗത്തിലേറി ഇരുന്നരുളുന്നു
തന്‍പിതാവിന്‍ വലംപാര്‍ശ്വത്തിലായി.
ജീവിപ്പോരെയും മരിച്ചവരെയും
ന്യായംവിധിക്കാന്‍ പ്രതാപങ്ങളോടെ
വീണ്ടുംവരും, അന്തമില്ലാത്തതാണാ
തന്‍വാഴ്ചയെന്നതും വിശ്വസിക്കുന്നേന്‍.
താതനില്‍നിന്നും തനയനില്‍നിന്നും
ചെമ്മേ പുറപ്പെടും പാവനാത്മാവില്‍,
താതനും ജാതനുമൊന്നിച്ചു നിത്യം
സ്തുത്യനും പൂജ്യനുമാകും റൂഹായില്‍
വേദപ്രവാചകന്മാര്‍ വഴിയെല്ലാം
നമ്മോടരുള്‍ചെയ്ത ജീവദാതാവും
കര്‍ത്താവുമായുള്ള പാവനാത്മാവില്‍
ഏറ്റം ഉറപ്പായി വിശ്വസിക്കുന്നേന്‍.
വിശ്വസിക്കുന്നു ഞാന്‍ ഏകവിശുദ്ധ
കാതോലിക്കാപ്പസ്‌തോലിക്കാസഭയില്‍
പാപവിമോചനമേകുന്നൊരേക
ജ്ഞാനസ്‌നാനം ഭക്ത്യാ പ്രഖ്യാപിക്കുന്നേന്‍.
മൃത്യു വരിച്ചവര്‍ക്കുള്ളോരുയിര്‍പ്പും
നിത്യപരലോകജീവിതവും ഞാന്‍
വിശ്വസിച്ചേറ്റമുറപ്പായിഹത്തില്‍
പ്രത്യാശയോടിതാ കാത്തിരിക്കുന്നേന്‍.
ആമേന്‍.
വിശ്വാസികളുടെ പ്രാര്‍ത്ഥന
പുരോഹിതന്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന സമാപിപ്പിക്കുന്നു.
വചനപ്രഘോഷണകര്‍മ്മം കഴിയുമ്പോള്‍ എല്ലാവരും ഇരിക്കുന്നു.

സ്തോത്രയാഗകര്‍മ്മം

കാഴ്ച്ചയര്‍പ്പണം

ദൈവമേ, അങ്ങയുടെ ഔദാര്യത്താലാണല്ലോ
ഞങ്ങള്‍ക്ക് ജീവന്‍റെ ഭോജനമായിത്തീരാനുള്ള,
ഭൂമിയുടെയും മനുഷ്യപ്രയത്‌നത്തിന്‍റെയും
ഫലമായ ഈ അപ്പം ഞങ്ങള്‍ സ്വീകരിക്കുകയും
അങ്ങേക്കു സമര്‍പ്പിക്കുകയും ചെയ്യുന്നത്.
സര്‍വസൃഷ്ടികളുടെയും നാഥനായ അങ്ങു വാഴ്ത്തപ്പെടട്ടെ.
ഈ പ്രാര്‍ത്ഥന പുരോഹിതന്‍ ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുമ്പോള്‍ ജനങ്ങള്‍ പ്രഘോഷിക്കുന്നു:
ദൈവം എന്നെന്നും വാഴ്ത്തപ്പെടട്ടെ.
ദൈവമേ, അങ്ങയുടെ ഔദാര്യത്താലാണല്ലോ
ഞങ്ങള്‍ക്ക് ആത്മീയപാനീയമായിത്തീരാനുള്ള,
മുന്തിരിവള്ളിയുടെയും മനുഷ്യപ്രയത്‌നത്തിന്‍റെയും
ഫലമായ ഈ വീഞ്ഞ് ഞങ്ങള്‍ സ്വീകരിക്കുകയും
അങ്ങേക്കു സമര്‍പ്പിക്കുകയും ചെയ്യുന്നത്.
സര്‍വസൃഷ്ടിക ളുടെയും നാഥനായ അങ്ങു വാഴ്ത്തപ്പെടട്ടെ.
ഈ പ്രാര്‍ത്ഥന പുരോഹിതന്‍ ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുമ്പോള്‍ ജനങ്ങള്‍ പ്രഘോഷിക്കുന്നു:
ദൈവം എന്നെന്നും വാഴ്ത്തപ്പെടട്ടെ.
സഹോദരരേ, എന്‍റെയും നിങ്ങളുടെയും ബലി
സര്‍വശക്തനും പിതാവുമായ ദൈവത്തിനു
സ്വീകാര്യമാകാന്‍വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
ജനം പ്രത്യുത്തരിക്കുന്നു:
കര്‍ത്താവ് തന്‍റെ നാമത്തിന്‍റെ സ്തുതിക്കും മഹിമയ്ക്കും
നമ്മുടെയും അവിടത്തെ തിരുസഭമുഴുവന്‍റെയും നന്മയ്ക്കുമായി,
അങ്ങയുടെ കരങ്ങളില്‍ നിന്ന് ഈ ബലി സ്വീകരിക്കുമാറാകട്ടെ.
കര്‍ത്താവേ, അങ്ങയുടെ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്‍റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്‍റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.

സ്തോത്രയാഗപ്രാര്‍ത്ഥന

പുരോഹിതന്‍ കൈകള്‍ വിരിച്ചു ചൊല്ലുന്നു:
കര്‍ത്താവ് നിങ്ങളോടു കൂ‌ടെ.
ജനം പ്രത്യുത്തരിക്കുന്നു:
അങ്ങയുടെ ആത്മാവോടുംകൂടെ.
പുരോഹിതന്‍ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു തുടരുന്നു:
ഹൃദയങ്ങള്‍ ഉയര്‍ത്തുവിന്‍.
ജനം:
ഇതാ, ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.
പുരോഹിതന്‍ കൈകള്‍ വിരിച്ചു ചൊല്ലുന്നു:
നമ്മുടെ കര്‍ത്താവായ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കാം
ജനം:
അത് ഉചിതവും ന്യായവുമത്രേ.
പുരോഹിതന്‍ ആമുഖഗീതി തുടരുന്നു.
ആമുഖഗീതി
പെസഹാരഹസ്യവും ദൈവജനവും
കര്‍ത്താവേ, പരിശുദ്ധനായ പിതാവേ,
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി,
എങ്ങുമെപ്പോഴും അങ്ങേക്കു ഞങ്ങള്‍
കൃതജ്ഞത അര്‍പ്പിക്കുന്നത്
യഥാര്‍ഥത്തില്‍ ഉചിതവും ന്യായവും
യോഗ്യവും രക്ഷാകരവുമാണല്ലോ.
പെസഹാരഹസ്യംവഴി അവിടുന്നു നിര്‍വഹിച്ച
ഈ രക്ഷാകരകര്‍മം വിസ്മയനീയമായിരുന്നു.
അതുവഴി, പാപത്തിന്‍റെയും മരണത്തിന്‍റെയും നുകത്തില്‍നിന്ന്
ഈ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ വിളിക്കപ്പെട്ടു.
അങ്ങനെ, തിരഞ്ഞെടുക്കപ്പെട്ട വംശം,
രാജകീയ പൗരോഹിത്യം, വിശുദ്ധ ജനം,
സ്വന്തമാക്കപ്പെട്ട ജനം എന്ന് ഞങ്ങള്‍ അറിയപ്പെടുകയും
അങ്ങയുടെ അദ്ഭുതകൃത്യങ്ങള്‍ എല്ലായിടത്തും പ്രഘോഷിക്കാന്‍
അന്ധകാരത്തില്‍നിന്ന്
അങ്ങയുടെ വിസ്മയനീയമായ പ്രകാശത്തിലേക്ക്
ഞങ്ങളെ അങ്ങ് വിളിക്കുകയും ചെയ്തു.
ആകയാല്‍, മാലാഖമാരോടും പ്രധാനമാലാഖമാരോടും
ഭദ്രാസനന്മാരോടും അധിശന്മാരോടും
സ്വര്‍ഗീയസൈന്യത്തിന്‍റെ എല്ലാ വൃന്ദങ്ങളോടുമൊത്ത്
അവിരാമം പ്രകീര്‍ത്തിച്ചുകൊണ്ട്
അങ്ങയുടെ മഹത്ത്വത്തിന്‍റെ ഗീതം ഞങ്ങള്‍ ആലപിക്കുന്നു:
Preface
The Paschal Mystery and the People of God
It is truly right and just, our duty and our salvation,
always and everywhere to give you thanks,
Lord, holy Father, almighty and eternal God,
through Christ our Lord.
For through his Paschal Mystery,
he accomplished the marvellous deed,
by which he has freed us from the yoke of sin and death,
summoning us to the glory of being now called
a chosen race, a royal priesthood,
a holy nation, a people for your own possession,
to proclaim everywhere your mighty works,
for you have called us out of darkness
into your own wonderful light.
And so, with Angels and Archangels,
with Thrones and Dominions,
and with all the hosts and Powers of heaven,
we sing the hymn of your glory,
as without end we acclaim:
ആമുഖഗീതിയുടെ അവസാനം പുരോഹിതന്‍ കരങ്ങള്‍ കൂപ്പി, ജനങ്ങളോടൊത്ത് ആലപിക്കുകയോ ഉയര്‍ന്ന സ്വരത്തില്‍ ചൊല്ലുകയോ ചെയ്യുന്നു:
പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍,
സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം.
സ്വര്‍ഗവും ഭൂമിയും
അങ്ങയുടെ മഹിമയാല്‍ നിറഞ്ഞിരിക്കുന്നു;
ഉന്നതങ്ങളില്‍ ഹോസാന.
കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍.
ഉന്നതങ്ങളില്‍ ഹോസാന.
പദ്യരൂപം
പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍
സൈന്യങ്ങള്‍തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞുമഹിയും വിണ്ടലവും
ഹോസാന, ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന.
കര്‍ത്താവിന്‍ തിരുനാമത്തില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
ഹോസാന, ഹോസാന,
അത്യുന്നതങ്ങളില്‍ ഹോസാന.
ഇതിനുശേഷം സ്തോത്രയാഗപ്രാര്‍ത്ഥന സമയം മുഴുവന്‍ സമൂഹം മുട്ടുകുത്തുന്നു.
സ്തോത്രയാഗ പ്രാര്‍ത്ഥന I: "The Roman Canon"
പുരോഹിതന്‍ കൈകള്‍ വിരിച്ചുകൊണ്ട് ചൊല്ലുന്നു:
കരുണാവാരിധിയായ പിതാവേ,
അതിനാല്‍, അങ്ങയുടെ പുത്രനും
ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഞങ്ങള്‍ വിനയപൂര്‍വം അങ്ങയോട് യാചിക്കുകയും
അപേക്ഷിക്കുകയും ചെയ്യുന്നു.
കൈകള്‍കൂപ്പി ചൊല്ലുന്നു:
ഈ കാണിക്കകള്‍, ഈ തിരുമുല്ക്കാഴ്ചകള്‍,
വിശുദ്ധവും നിര്‍മലവുമായ ഈ ബലിവസ്തുക്കള്‍
സ്വീകരിച്ച് ആശീര്‍വദിക്കണമേ.
കൈകള്‍ വിരിച്ചുകൊണ്ടു തുടരുന്നു:
പ്രഥമമായി,
അങ്ങയുടെ വിശുദ്ധ കത്തോലിക്കാസഭയ്ക്കുവേണ്ടി
ഇവ ഞങ്ങള്‍ അങ്ങേക്കു അര്‍പ്പിക്കുന്നു.
അങ്ങയുടെ ദാസനായ ഞങ്ങളുടെ N പാപ്പായോടും
ഞങ്ങളുടെ രൂപതാധ്യക്ഷനായ N മെത്രാനോടും
അപ്പസ്‌തോലികവും കാതോലികവുമായ
സത്യവിശ്വാസം പഠിപ്പിക്കുന്ന എല്ലാവരോടുമൊപ്പം
ലോകമെങ്ങുമുള്ള തിരുസഭയെ
സമാധാനം നല്കി സംരക്ഷിക്കാനും
ഒന്നിപ്പിക്കാനും നയിക്കാനും കനിയണമേ.
കര്‍ത്താവേ, അങ്ങയുടെ ദാസന്മാരും ദാസിമാരുമായ (പേരുകള്‍)
ഇവിടെ കൂടിയിരിക്കുന്ന എല്ലാവരെയും അങ്ങ് ഓര്‍ക്കണമേ.
കൈകള്‍ കൂപ്പി അവര്‍ക്കുവേണ്ടി അല്പനേരം പ്രാര്‍ഥിക്കുന്നു. പിന്നീട് കൈകള്‍ വിരിച്ചുകൊണ്ടു തുടരുന്നു:
ഇവര്‍ക്കുവേണ്ടി ഈ ബലി ഞങ്ങള്‍ അര്‍പ്പിക്കുന്നു.
ഇവരുടെ വിശ്വാസവും പ്രകടമായ ഭക്തിയും
അങ്ങ് അറിയുന്നുവല്ലോ.
ഇവര്‍ തങ്ങള്‍ക്കുവേണ്ടിയും
തങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും
ഈ സ്‌തോത്രബലി അങ്ങേക്കര്‍പ്പിക്കുന്നു.
ഇവരുടെ ആത്മാവിന്‍റെ പരിത്രാണത്തിനും
പ്രത്യാശയ്‌ക്കൊത്ത ക്ഷേമത്തിനും ഭദ്രതയ്ക്കുമായി,
ജീവനും സത്യവും നിത്യദൈവവുമായ അങ്ങേക്ക്
ഈ കാണിക്കകള്‍ അര്‍പ്പിക്കുന്നു.
എല്ലാ വിശുദ്ധരോടും, വിശിഷ്യ,
ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ
യേശുക്രിസ്തുവിന്‍റെ മാതാവും
മഹത്ത്വപൂര്‍ണയും നിത്യകന്യകയുമായ മറിയത്തോടും
ആ കന്യകയുടെ ഭര്‍ത്താവായ ഭാഗ്യപ്പെട്ട യൗസേപ്പിനോടും
അനുഗൃഹീതരായ അപ്പോസ്തലന്മാരും
അങ്ങയുടെ രക്തസാക്ഷികളുമായ
പത്രോസ്, പൗലോസ്, അന്ത്രയോസ്
(യാക്കോബ്, യോഹന്നാന്‍, തോമസ്, യാക്കോബ്,
പീലിപ്പോസ്, ബര്‍ത്തലോമിയാ, മത്തായി,
ശിമയോന്‍, തദേവൂസ് എന്നിവരോടും
ലീനസ്, ക്ലീറ്റസ്, ക്ലെമന്റ്‌ സിക്സ്റ്റസ്,
കൊര്‍ണേലിയൂസ്, സിപ്രിയന്‍, ലോറന്‍സ്,
ക്രിസോഗനസ്, ജോണ്‍, പോള്‍, കോസ്മസ്, ഡാമിയന്‍)
എന്നിവരോടും ഒന്നുചേര്‍ന്നുകൊണ്ടും
അവരുടെ ഓര്‍മ ആചരിച്ചുകൊണ്ടും
അവരുടെ പുണ്യഫലങ്ങളും പ്രാര്‍ഥനകളുംവഴി
എല്ലാ കാര്യങ്ങളിലും
അങ്ങയുടെ സംരക്ഷണത്തിന്‍റെ സഹായംനല്കി
ഞങ്ങളെ ശക്തിപ്പെടുത്താന്‍ കനിയണമേ.
(ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന
പ്രാര്‍ത്ഥന കേട്ടരുളണമേ. ആമേന്‍.)
അതിനാല്‍, കര്‍ത്താവേ,
ഞങ്ങളുടെ സേവനത്തിന്‍റെയും
അങ്ങയുടെ കുടുംബം മുഴുവന്‍റെയും ഈ കാഴ്ചദ്രവ്യം
സംപ്രീതിയോടെ സ്വീകരിക്കണമെന്ന്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ ദിനങ്ങള്‍
അങ്ങയുടെ സമാധാനത്തില്‍ നയിക്കുകയും
ഞങ്ങള്‍ നിത്യശിക്ഷയില്‍നിന്ന് മോചിതരായി
അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ട അജഗണത്തില്‍
എണ്ണപ്പെടാന്‍ കനിയുകയും ചെയ്യണമേ.
(കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന
പ്രാര്‍ത്ഥന കേട്ടരുളണമേ. ആമേന്‍.)
  കൈകള്‍നീട്ടി കാഴ്ചദ്രവ്യങ്ങളുടെമേല്‍ വിരിച്ചുകൊണ്ട് ചൊല്ലുന്നു:
ദൈവമേ, അങ്ങ് ഈ ബലിവസ്തു സമ്പൂര്‍ണമായും
ആശീര്‍വദിച്ച്, അംഗീകരിച്ച്, സാധൂകരിച്ച്
യുക്തവും സ്വീകാര്യവുമാക്കിത്തീര്‍ക്കാന്‍
കനിയണമെന്നു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഇവ ഞങ്ങള്‍ക്ക്
അങ്ങയുടെ ഏറ്റവും പ്രിയപുത്രനും
ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ
ശരീരവും രക്തവുമായിത്തീരുമാറാകട്ടെ.
അവിടന്ന് പീഡാസഹനത്തിന്‍റെ തലേനാള്‍,
പരിശുദ്ധവും ധന്യവുമായ തന്‍റെ കരങ്ങളില്‍ അപ്പമെടുത്ത്,
സ്വര്‍ഗത്തിലേക്ക്, സര്‍വശക്തനായ ദൈവവും
തന്‍റെ പിതാവുമായ അങ്ങയുടെ നേര്‍ക്ക്,
കണ്ണുകള്‍ ഉയര്‍ത്തി, അങ്ങേക്ക് കൃതജ്ഞത പ്രകാശിപ്പിച്ച്,
ആശീര്‍വദിച്ച്, മുറിച്ച്,
തന്‍റെ ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു:
എല്ലാവരും ഇതില്‍നിന്നു വാങ്ങി ഭക്ഷിക്കുവിന്‍;
എന്തെന്നാല്‍, ഇത്
നിങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കാനിരിക്കുന്ന
എന്‍റെ ശരീരം ആകുന്നു.
അപ്രകാരംതന്നെ, അത്താഴം കഴിഞ്ഞ്,
അവിടന്ന് വിശിഷ്ടമായ ഈ പാനപാത്രം,
പരിശുദ്ധവും ധന്യവുമായ തന്‍റെ കരങ്ങളില്‍ എടുത്ത്,
വീണ്ടും അങ്ങേക്ക് കൃതജ്ഞത പ്രകാശിപ്പിച്ച്, ആശീര്‍വദിച്ച്,
തന്‍റെ ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുള്‍ചെയ്തു:
എല്ലാവരും വാങ്ങി ഇതില്‍നിന്നു കുടിക്കുവിന്‍;
എന്തെന്നാല്‍, ഇത്
നിങ്ങള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും
പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന
എന്‍റെ രക്തത്തിന്‍റെ,
നവീനവും സനാതനവുമായ ഉടമ്പടിയുടെ പാനപാത്രമാകുന്നു.
ഇതു നിങ്ങള്‍ എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.
കൂദാശാവചനങ്ങള്‍ക്കു ശേഷം പുരോഹിതന്‍ ചൊല്ലുന്നു:
വിശ്വാസത്തിന്‍റെ രഹസ്യം.
ജനം പ്രഘോഷിക്കുന്നു:
1:
കര്‍ത്താവേ, അങ്ങ് വീണ്ടും വരുന്നതുവരെ
അങ്ങയുടെ മരണം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു;
അങ്ങയുടെ ഉയിര്‍പ്പ് ഞങ്ങള്‍ ഏറ്റുപറയുന്നു.
2:
ഞങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും
ഈ പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യുമ്പോഴെല്ലാം
കര്‍ത്താവേ, അങ്ങു വീണ്ടും വരുന്നതുവരെ
അങ്ങയുടെ മരണം ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
3:
അങ്ങയുടെ കുരിശുമരണവും ഉയിര്‍പ്പുംവഴി
ഞങ്ങളെ വീണ്ടെടുത്ത ലോകരക്ഷകാ,
ഞങ്ങളെ രക്ഷിക്കണമേ.
പുരോഹിതന്‍ കൈകള്‍ വിരിച്ചുകൊണ്ടു ചൊല്ലുന്നു:
അതിനാല്‍ കര്‍ത്താവേ,
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ
അതേ ക്രിസ്തുവിന്‍റെ ധന്യമായ പീഡാസഹനവും
മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പും
മഹനീയമായ സ്വര്‍ഗാരോഹണവും ഓര്‍ത്തുകൊണ്ട്,
അങ്ങയുടെ ദാസരായ ഞങ്ങളും
അങ്ങയുടെ വിശുദ്ധജനവും
അങ്ങു ഞങ്ങള്‍ക്കു നല്കിയ ദാനദ്രവ്യങ്ങളില്‍നിന്ന്
ഈ പവിത്രബലി, ഈ വിശുദ്ധബലി, ഈ നിര്‍മലബലി,
നിത്യജീവന്‍റെ വിശുദ്ധമായ അപ്പവും
നിത്യരക്ഷയുടെ പാനപാത്രവും,
അങ്ങയുടെ മഹിതവൈഭവത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നു.
അങ്ങയുടെ ദാസന്‍, നീതിമാനായ ആബേലിന്‍റെ കാണിക്കകളും
ഞങ്ങളുടെ പൂര്‍വപിതാവായ അബ്രാഹത്തിന്‍റെ ബലിയും
അങ്ങയുടെ മഹാപുരോഹിതനായ മെല്‍ക്കിസെദെക്ക്
അങ്ങേക്ക് അര്‍പ്പിച്ച കാഴ്ചകളും അങ്ങു സ്വീകരിച്ചപോലെ,
ഈ കാണിക്കകളും പ്രീതികരവും പ്രസന്നവുമായ വദനത്തോടെ
കടാക്ഷിക്കാനും വിശുദ്ധബലിയായും നിര്‍മലയാഗമായും
സ്വീകരിക്കാനും കനിയണമേ.
കൈകള്‍ കൂപ്പി, ശിരസ്സുനമിച്ചുകൊണ്ടു ചൊല്ലുന്നു:
സര്‍വശക്തനായ ദൈവമേ,
ഏറ്റവും താഴ്മയോടെ ഞങ്ങള്‍ അപേക്ഷിക്കുന്നു:
ഈ ദിവ്യബലി അങ്ങയുടെ വിശുദ്ധ ദൂതന്‍റെ
കരങ്ങള്‍വഴി സംവഹിച്ച്,
അങ്ങയുടെ മഹനീയ അള്‍ത്താരയിലേക്ക്,
അങ്ങയുടെ മഹത്ത്വമേറിയ തിരുമുമ്പിലേക്ക്
സംവഹിക്കാന്‍ കല്പിച്ചരുളിയാലും.
ഈ ബലിപീഠത്തില്‍ അര്‍പ്പിച്ച ബലിയില്‍ പങ്കുചേര്‍ന്ന്,
അങ്ങയുടെപുത്രന്‍റെ ശരീരവും രക്തവും സ്വീകരിക്കുമ്പോഴെല്ലാം,
നിവര്‍ന്ന് കുരിശടയാളം വരച്ചുകൊണ്ടു ചൊല്ലുന്നു:
എല്ലാ സ്വര്‍ഗീയാനുഗ്രഹങ്ങളാലും പ്രസാദവരങ്ങളാലും
ഞങ്ങള്‍ നിറയുമാറാകട്ടെ.
കൈകള്‍ കൂപ്പുന്നു.
(ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളണമേ. ആമേന്‍)
മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന
കൈകള്‍ വിരിച്ചുകൊണ്ടു ചൊല്ലുന്നു:
കര്‍ത്താവേ, വിശ്വാസത്തിന്‍റെ മുദ്രയോടെ
ഞങ്ങള്‍ക്കുമുമ്പേ കടന്നുപോവുകയും
സമാധാനത്തിന്‍റെ നിദ്രയില്‍ വിശ്രമിക്കുകയും ചെയ്യുന്നവരായ
അങ്ങയുടെ ദാസന്മാരെയും ദാസിമാരെയും (പേരുകള്‍) ഓര്‍ക്കണമേ.
കൈകള്‍ കൂപ്പി, മരിച്ചവര്‍ക്കുവേണ്ടി അല്പനേരം പ്രാര്‍ഥിക്കുന്നു.
പിന്നീട്, കൈകള്‍ വിരിച്ചുകൊണ്ട് തുടരുന്നു:
ഇവര്‍ക്കും ക്രിസ്തുവില്‍ നിദ്രകൊള്ളുന്ന എല്ലാവര്‍ക്കും
വിശ്രാന്തിയുടെയും പ്രകാശത്തിന്‍റെയും
സമാധാനത്തിന്‍റെയും ഇടം കനിഞ്ഞരുളണമെന്ന്
അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
കൈകള്‍ കൂപ്പുന്നു.
(ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി
ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന കേട്ടരുളണമേ. ആമേന്‍)
വലത്തുകൈകൊണ്ട് പിഴയടിച്ചുകൊണ്ടു ചൊല്ലുന്നു:
പാപികളെങ്കിലും അങ്ങയുടെ ദാസരും
കൈകള്‍ വിരിച്ചുകൊണ്ടു തുടരുന്നു:
അങ്ങയുടെ അളവറ്റ കാരുണ്യത്തെ
ശരണം പ്രാപിക്കുന്നവരുമായ ഞങ്ങള്‍ക്കും
അങ്ങയുടെ വിശുദ്ധ അപ്പോസ്തലന്മാരുടെയും രക്തസാക്ഷികളുടെയും
വിശുദ്ധരായ യോഹന്നാന്‍, സ്റ്റീഫന്‍, മത്തിയാസ്, ബര്‍ണബാസ്,
(ഇഗ്നേഷ്യസ്, അലക്‌സാണ്ടര്‍, മര്‍സലിന്‍, പീറ്റര്‍,
ഫെലിസിത്ത, പെര്‍പ്പെത്തുവാ, ആഗത്ത,
ലൂസിയ, ആഗ്നസ്, സിസിലിയ, അനസ്താസിയ)
എന്നിവരുടെയും അങ്ങയുടെ എല്ലാ വിശുദ്ധരുടെയും
തെല്ലൊരു പങ്കാളിത്തവും സഹവാസവും കല്പിച്ചരുളണമെന്നും
അവരുടെ സമൂഹത്തില്‍, യോഗ്യതകള്‍ പരിഗണിക്കുന്നവനായിട്ടല്ല,
കാരുണ്യം വര്‍ഷിക്കുന്നവനായി,
അങ്ങ് ഞങ്ങളെയും ചേര്‍ത്തരുളണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
കൈകള്‍ കൂപ്പി തുടരുന്നു:
കര്‍ത്താവേ, അവിടുന്നുവഴി അങ്ങ് ഈ നന്മകളെല്ലാം
നിരതം സൃഷ്ടിക്കുകയും പവിത്രീകരിക്കുകയും
ജീവശക്തികൊണ്ടു നിറയ്ക്കുകയും ആശീര്‍വദിക്കുകയും
ഞങ്ങള്‍ക്കു നല്കുകയും ചെയ്യുന്നുവല്ലോ.
തിരുശരീരത്തോടുകൂടെ തളികയും പാനപാത്രവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ചൊല്ലുന്നു:
ക്രിസ്തുവിലൂടെ,
ക്രിസ്തുവിനോടുകൂടെ,
ക്രിസ്തുവില്‍ത്തന്നെ,
സര്‍വശക്തനായ ദൈവവും പിതാവുമായ അങ്ങേക്ക്
പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍,
എല്ലാ ബഹുമതിയും മഹത്ത്വവും
എന്നും എന്നേക്കും.
ആമേന്‍.

ദിവ്യകാരുണ്യസ്വീകരണകര്‍മ്മം

കര്‍ത്തൃ പ്രാര്‍ത്ഥന
ജനം നില്‍ക്കുന്നു. പുരോഹിതന്‍ ചൊല്ലുന്നു:
രക്ഷാകരമായ കല്പനകളാല്‍ ഉദ്‌ബോധിതരായും
ദിവ്യോപദേശത്താല്‍ രൂപവത്കൃതരായും
നിര്‍ഭയം നമുക്ക് ഏറ്റുചൊല്ലാം:
പുരോഹിതന്‍, കൈകള്‍ വിരിച്ചുകൊണ്ട്, ജനങ്ങളോടുചേര്‍ന്നു തുടരുന്നു:
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ,
അങ്ങയുടെ രാജ്യം വരണമേ,
അങ്ങയുടെ തിരുമനസ്സ്
സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ,
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ,
ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ
ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ,
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,
തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
പദ്യരൂപം
സ്വര്‍ഗത്തില്‍വാഴും ഞങ്ങള്‍തന്‍ താതാ
നിന്‍നാമം പൂജിതമായിടേണം.
വരണം നിന്‍രാജ്യം, സ്വര്‍ഗത്തിലെപ്പോല്‍
നിന്നുള്ളം പാരിലുമായിടേണം.
അന്നന്നുവേണ്ടുന്നാഹാരമിന്ന്
ഞങ്ങള്‍ക്കു നല്കുമാറായിടേണം.
അന്യര്‍തന്‍ ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുംപോല്‍
ഞങ്ങള്‍തന്‍ ദ്രോഹവും നീ ക്ഷമിക്ക
പാപപരീക്ഷയിലുള്‍പ്പെടുത്താതെ
തിന്മയില്‍നിന്നു നീ കാത്തിടേണം.
പുരോഹിതന്‍ മാത്രം, കൈകള്‍ വിരിച്ചുകൊണ്ട്, തുടരുന്നു:
കര്‍ത്താവേ, എല്ലാ തിന്മകളിലുംനിന്നു
ഞങ്ങളെ മോചിപ്പിക്കണമേ;
ഞങ്ങളുടെ ദിനങ്ങളില്‍ സമാധാനം കനിവാര്‍ന്നു നല്കണമേ.
അനുഗ്രഹപൂര്‍ണമായ പ്രത്യാശയും
ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ
ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്,
അങ്ങയുടെ കരുണയുടെ സഹായത്താല്‍ ശക്തിപ്രാപിച്ച്
ഞങ്ങളെപ്പോഴും പാപത്തില്‍ നിന്ന് മോചിതരാകുകയും
എല്ലാ വിപത്തുകളിലുംനിന്ന് സുരക്ഷിതരാകുകയും
ചെയ്യുമാറാകട്ടെ.
കൈകള്‍ കൂപ്പുന്നു.
ജനങ്ങള്‍ പ്രഘോഷിക്കുന്നു:
എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും
മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു.
കൈകള്‍ വിരിച്ചുകൊണ്ട്, പുരോഹിതന്‍ ഉയര്‍ന്നസ്വരത്തില്‍ ചൊല്ലുന്നു:
സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു;
എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു
എന്ന് അങ്ങയുടെ അപ്പോസ്തലന്മാരോട്
അരുള്‍ചെയ്ത കര്‍ത്താവായ യേശുക്രിസ്തുവേ,
ഞങ്ങളുടെ പാപങ്ങളല്ല, പിന്നെയോ
അങ്ങയുടെ സഭയുടെ വിശ്വാസം
തൃക്കണ്‍പാര്‍ത്ത്,
അങ്ങയുടെ തിരുവുള്ളമനുസരിച്ച്
സഭയ്ക്ക് സമാധാനവും ഐക്യവും
നല്കാന്‍ കനിയണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങ് ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനം:
ആമേന്‍.
പുരോഹിതന്‍ തുടരുന്നു:
കര്‍ത്താവിന്‍റെ സമാധാനം നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ..
ജനം:
അങ്ങയുടെ ആത്മാവോടുംകൂടെ.
പരികര്‍മ്മി അഥവാ പുരോഹിതന്‍ നിര്‍ദ്ദേശിക്കുന്നു.:
നിങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുവിന്‍.
സ്ഥലത്തെ പരമ്പരാഗതരീതിയില്‍ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമായി ജനങ്ങള്‍ സമാധാനം ആശംസിക്കുന്നു.
അപ്പം മുറിക്കല്‍
പുരോഹിതന്‍ തിരുവോസ്തി വിഭജിക്കുമ്പോള്‍ സമൂഹം പാടുകയോ ചൊല്ലുകയോ ചെയ്യുന്നു:
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവകുഞ്ഞാടേ,
ഞങ്ങളില്‍ കനിയണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവകുഞ്ഞാടേ,
ഞങ്ങളില്‍ കനിയണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവകുഞ്ഞാടേ,
ഞങ്ങള്‍ക്ക് സമാധാനം നല്കണമേ.
പദ്യരൂപം
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും ദൈവത്തിന്‍
കുഞ്ഞാടേ, ഞങ്ങളില്‍ കനിയണമേ.
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും ദൈവത്തിന്‍
കുഞ്ഞാടേ, ഞങ്ങളില്‍ കനിയണമേ.
ലോകത്തിന്‍ പാപങ്ങള്‍ നീക്കിടും ദൈവത്തിന്‍
കുഞ്ഞാടേ, ഞങ്ങള്‍ക്കു ശാന്തി നല്കണമേ.
ജനം മുട്ടുകുത്തുന്നു.
ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ക്ഷണം
പുരോഹിതന്‍ തന്‍റെ സ്വകാര്യപ്രാര്‍ത്ഥന കഴിഞ്ഞ് മുട്ടുകുത്തി വണങ്ങി തിരുവോസ്തി എടുത്ത് തളികയുടെയോ പാനപാത്രത്തിന്‍റെയോ മുകളില്‍ അല്പം ഉയര്‍ത്തിപ്പിടിച്ച്, ജനങ്ങള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉയര്‍ന്ന സ്വരത്തില്‍ ചൊല്ലുന്നു:
ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്.
ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍.
ദിവ്യകുഞ്ഞാടിന്‍റെ വിരുന്നിന്
ക്ഷണിക്കപ്പെട്ടിരിക്കുന്നവര്‍ അനുഗൃഹീതര്‍!
തുടര്‍ന്ന്, ജനങ്ങളോടൊന്നിച്ച് ഒരു പ്രാവശ്യം ചൊല്ലുന്നു:
കര്‍ത്താവേ, അങ്ങ്
എന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല;
അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി
എന്‍റെ ആത്മാവു സുഖം പ്രാപിക്കും.

പുരോഹിതന്‍ തിരുശരിരവും തിരുരക്തവും സ്വീകരിക്കുമ്പോള്‍ ഗായകര്‍ അഥവാ ജനങ്ങള്‍ ദിവ്യകാരുണ്യഗീതി ആലപിക്കുന്നു. സ്വരങ്ങളുടെ ഐക്യത്തിലൂടെ ദിവ്യകാരുണ്യം സ്വീകരിക്കുന്നവരുടെ ആത്മീയ ഐക്യവും, ആനന്ദവും, ദിവ്യകാരുണ്യ സ്വീകരണ പ്രദക്ഷിണത്തിലൂടെ കൂട്ടായ്മ സ്വഭാവവും പ്രത്യക്ഷമാകുന്നു. ആലാപനം‌ ഇല്ലെങ്കില്‍ ജനസമൂഹം ദിവ്യഭോജന പ്രഭണിതം ചൊല്ലുന്നു. അല്ലെങ്കില്‍, പുരോഹിതന്‍ ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം ജനത്തിനു ദിവ്യകാരുണ്യം നല്‍കുന്നതിനു മുന്‍പ്, പുരോഹിതന്‍ തന്നെ ദിവ്യഭോജനപ്രഭണിതം ചൊല്ലുന്നു.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 72: 28
ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്‍റെ ആനന്ദം.
Or
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

പുരോഹിതന്‍ ഭക്ത്യാദരപൂര്‍വം ക്രിസ്തുവിന്‍റെ ശരീരവും രക്തവും ഉള്‍ക്കൊണ്ടശേഷം, ദിവ്യകാരുണ്യം സ്വീകരിക്കേണ്ടവര്‍ പ്രദക്ഷിണമായി മുന്നോട്ടു വരുന്നു. ദിവ്യകാരുണ്യ സാന്നിധ്യത്തില്‍ ശിരസ്സ് നമിച്ച് ആദരവ് പ്രദര്‍ശിപ്പിച്ചതിനു ശേഷം നിന്നുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കുന്നു. പുരോഹിതന്‍ പറയുന്നു:
ക്രിസ്തുവിന്‍റെ തിരുശരീരം.
തിരുശരീരം സ്വീകരിക്കുന്നയാള്‍ പ്രതിവചിക്കുന്നു:
ആമേന്‍.
ദിവ്യകാരുണ്യം ഇരുസാദൃശ്യങ്ങളിലും നല്‍കപ്പെടുമ്പോള്‍, ശുശ്രൂഷകന്‍ ചഷകം ഓരോരുത്തരുടെയും മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പറയുന്നു:
ക്രിസ്തുവിന്‍റെ തിരുരക്തം.
തിരുരക്തം സ്വീകരിക്കുന്നയാള്‍ പ്രതിവചിക്കുന്നു:
ആമേന്‍.
അനന്തരം എല്ലാവരും അല്‍പ്പസമയം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുകയോ കൃതജ്ഞതാഗീതം ആലപിക്കുകയോ ചെയ്യുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന
നമുക്ക് പ്രാര്‍ത്ഥിക്കാം .
കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങയുടെ പുത്രന്‍
തന്‍റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്‍റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
സമാപനകര്‍മ്മങ്ങള്‍
ജനങ്ങള്‍ക്കുവേണ്ടിയുള്ള അറിയിപ്പുകള്‍ ഹ്രസ്വമായി നടത്തുന്നു. തുടര്‍ന്ന് സമാപന കര്‍മ്മം. താഴെ കൊടുത്തിരിക്കുന്നതിനെക്കാളും കൂടുതല്‍ ആഘോഷപൂര്‍ണ്ണമായ രീതിയില്‍ സമാപനകര്‍മ്മം നടത്താവുന്നതാണ്.
സമാപന ആശീര്‍വാദം
കര്‍ത്താവ്‌ നിങ്ങളോടു കൂടെ.
അങ്ങയുടെ ആത്മാവോടുംകൂടെ.
സര്‍വ്വശക്തനായ ദൈവം പിതാവും പുത്രനും
പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ.
ആമേന്‍.
സമാപനം
പരികര്‍മ്മി അഥവാ പുരോഹിതന്‍ കൈകള്‍ കൂപ്പി പറയുന്നു:
1: പോകുവിന്‍, ദിവ്യപൂജ സമാപിച്ചു.
2: പോകുവിന്‍, കര്‍ത്താവിന്‍റെ സുവിശേഷം അറിയിക്കുവിന്‍.
3: നിങ്ങള്‍ പോയി ക്രിസ്തുവിന്‍റെ സ്‌നേഹത്തോടെ സേവനമനുഷ്ഠിക്കുവിന്‍.
4: നിങ്ങളുടെ ജീവിതംവഴി കര്‍ത്താവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് സമാധാനത്തില്‍ പോകുവിന്‍.
ജനം പ്രത്യുത്തരിക്കുന്നു:
ദൈവത്തിനു നന്ദി.
  This web site © Copyright 1996-2017 Universalis Publishing Ltd (contact us) Cookies
(top